Monday, June 3, 2013

ഇരകള്‍ വേട്ടക്കാരോട്


ഹരിതവേട്ട തുടങ്ങേണ്ടത് ഇവിടെനിന്നല്ല
ഹരിതാഭമായ ഈ വയലേലകളില്‍
വെടിയുണ്ട കൊണ്ടു വിളവെടുത്തും
കരിമ്പ് തോട്ടങ്ങളില്‍ ടാങ്കുകളുരുട്ടിയുമല്ല,
വേട്ടക്കാരുടെ മനസ്സിന്‍ താമസ്സിലാണാദ്യം
വെളിച്ചത്തിന്‍റെ ധവളവേട്ട നടത്തേണ്ടത്.

തലമുറകള്‍ പലതായ് നിങ്ങള്‍ തുടരുന്ന
സമ്പത്തിന്‍റെ കൂട്ടിവെക്കലുകള്‍ മറയ്ക്കുന്ന പീതവേട്ടകള്‍ക്കും
വിദ്യാലയങ്ങളില്‍ നിന്നും കുഞ്ഞുങ്ങളെ ആട്ടിയകറ്റി
അക്ഷരം നിഷേധിച്ച കറുത്ത വേട്ടകള്‍ക്കും
ഉയര്‍ന്ന കരങ്ങളും ചൂണ്ടിയ വിരലുകളും
പടപ്പാട്ട് പാടിയ നാവുകളും അറുത്തെടുത്ത്
നിങ്ങള്‍ ആഘോഷിച്ച അരുണവേട്ടകള്‍ക്കും
ഇരുളിന്‍ മറവില്‍ ആരെയോ തിരയാന്‍
ചവിട്ടേറ്റ വാതിലുകള്‍ക്കപ്പുറം നാവുനുണഞ്ഞ്
നിങ്ങള്‍ നടത്തിയ നീലവേട്ടകള്‍ക്കും
മണ്ണും മരവും മഴയുമാകാശവും
വിപണികളില്‍ വിടര്‍ത്തിയിട്ട് നിങ്ങളാടിയ
മാരിവില്‍ വര്‍ണ്ണ സ്വര്‍ണ്ണവേട്ടകള്‍ക്കും
ഒന്നിനും ഒന്നിനും ഇതുവരെ തോല്ക്കാത്തവരോടാണ്
ഇനി പുതുതാം ഹരിതവേട്ട.

ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ നിന്നും
അടുപ്പുപുകയാത്ത അടുക്കളകളില്‍ നിന്നും
വിശന്നുകരയുന്ന കുഞ്ഞുങ്ങളുടെ തൊട്ടിലുകളില്‍ നിന്നും
ആട്ടിയകറ്റപ്പെടുന്ന നടവഴികളില്‍നിന്നും
കവര്‍ച്ചചെയ്യപ്പെടുന്ന വിയര്‍പ്പുതുള്ളികളില്‍നിന്നും
മാനഭംഗപ്പെട്ടു കീറിയ തുണിക്കഷണങ്ങളില്‍ നിന്നും
തകര്‍ക്കപ്പെട്ട ദൈവത്തറകളില്‍ നിന്നും
ഇരകള്‍ ഉയിര്‍ത്തുകൊണ്ടിരിക്കും, കൊല്ലാം
പക്ഷെതോല്‍പ്പിക്കാനാകില്ല എന്നാര്‍ത്തുകൊണ്ടിരിക്കും
കാലം സാക്ഷി, ചരിത്രം സാക്ഷി.

നിറമേതുമില്ലാത്ത മിഴിനീര്‍ ഗംഗയില്‍
മൂക്കോളംമുങ്ങിത്തുഴഞ്ഞിടുമ്പോള്‍
ഇനിവരും വരുമെന്ന് നിങ്ങള്‍ ഘോഷിക്കുന്ന
നൂറായിരം നിറവേട്ടകളെ ഭയവുമില്ല.
കാലം സാക്ഷി, വര്‍ത്തമാനകാലം സാക്ഷി.

Saturday, March 9, 2013

ജിഹാദ്


നിനക്കതിനെ സ്വയം ജിഹാദ് എന്ന് വിളിക്കാം
വിജയം ലക്ഷ്യമാകുമ്പോള്‍മാര്‍ഗ്ഗം സാധൂകരിക്കപ്പെട്ടെക്കാം
പക്ഷെ യുദ്ധം വിശുദ്ധമാകണമെങ്കില്‍
മാര്‍ഗ്ഗവും അങ്ങനെയായിരിക്കണം.
തോളില്‍ പ്രാരാബ്ദത്തിന്റെ ഭാണ്ഡംപേറിയവര്‍
കീറിത്തുന്നിയ സഞ്ചികളില്‍ മോഹം വിലപേശി വാങ്ങിയവര്‍
കാരുണ്യത്തിന്റെ നാണയത്തുട്ടുകള്‍ക്കായ് കൈനീട്ടിയവര്‍
മുലചുരത്തുന്ന അമ്മമാര്‍ നുണഞ്ഞുറങ്ങുന്ന കുഞ്ഞുങ്ങള്‍
ഒരുകൂട്ടം മനുഷ്യശരീരങ്ങളെ കരിപുരണ്ട മാംസക്കഷ്ണങ്ങളാക്കി
ഉയര്‍ന്നു പൊങ്ങുന്ന കറുത്ത പുകയെങ്ങനെ വിശുദ്ധമാകും
മണ്ണും വിണ്ണും പെണ്ണും പൊന്നും കാല്ക്കീഴിലിട്ടു ഞെരിക്കുന്ന
ചെകുത്താന്മാര്‍ ദന്ത ഗോപുരങ്ങളില്‍ ഇരുന്നു രമിക്കുമ്പോള്‍
അവര്‍ക്കുവേണ്ടി നിസ്വരുടെ രക്തം നിറച്ചു പാനപാത്രമൊരുക്കുന്ന
നീയെങ്ങനെ ദൈവത്തിന്‍റെ പോരാളിയാകും
ക്രൂരതയുടെ തോക്കിന്‍കുഴലുകള്‍ കൊണ്ടും
വിദ്വേഷത്തിന്റെ തരംഗങ്ങള്‍കൊണ്ടും
തുറക്കാവുന്നതാണോ സ്വര്‍ഗ്ഗ വാതില്‍
സമാധാനത്തിന്റെ വെള്ളരിപ്രാവുകളും
സ്നേഹത്തിന്റെ റോസാപ്പൂക്കളുമില്ലാതെ
ഏദന്‍തോട്ടമെങ്ങനെ പൂര്‍ണ്ണമാകും
ആരാധനാലയങ്ങള്‍ക്കു ചുറ്റിലും ബാങ്ക് വിളികളെക്കള്‍
ഉച്ചത്തില്‍ അഗതികളുടെയും ആശരണരുടെയും
ആര്‍ത്തനാദമുയരുമ്പോള്‍
നിസ്സഹായതയുടെ നിസ്കാരപ്പായകളില്‍
വിയര്‍പ്പിന്റെയും കണ്ണീരിന്റെയും ഉപ്പു പടരുമ്പോള്‍
നിന്‍റെ യുദ്ധം തുടങ്ങേണ്ടതിവിടെനിന്നു
ഓരോ ധാന്യമണിക്ക് മുകളിലും അതര്‍ഹിക്കുന്നവന്റെ
നാമമെഴുതിവെച്ചിരിക്കുന്നു എന്ന്
അവിടുന്ന് നിന്നോട് പറഞ്ഞുവെങ്കില്‍
നിന്‍റെയീ പടയോട്ടം ധനികന്റെ ധാന്യപ്പുരകളിലെക്കാവട്ടെ
നിന്‍റെ ധാന്യമണി നിനക്കും അഗതിയുടെതവനും
നേടിക്കൊടുക്കാനാകട്ടെ നിന്‍റെയീ പടപ്പുറപ്പാട്
ഒടുവില്‍ വിശുദ്ധിയുടെചന്ദ്രക്കല മാനത്തുതെളിയുകയും
ഭൂമിയില്‍വിശപ്പടങ്ങിയവന്റെ പുഞ്ചിരി
റംസാന്‍നിലാവായി പരക്കുകയും ചെയ്യുമ്പോള്‍
അന്ന്മുതല്‍ മാത്രം ഞാനുമതിനെ
ജിഹാദ്എന്നും നിന്നെ ജിഹാദിയെന്നും വിളിക്കും
അതുവരെ.....