Thursday, January 14, 2010

ഹോമോസാപ്പിയന്‍സ്

ആദ്യം നീയെനിക്കമ്മയായിരുന്നു
പത്തുമാസം ചുമന്നു നീയെന്നെ നൊന്തുപെറ്റു
സ്വപ്നങ്ങളില്‍ കണ്ണീര്‍കുഴച്ച് നീയെന്നെ ഊട്ടി
എന്നെക്കുറിച്ചെന്നും നെഞ്ചില്‍ തീക്കനല്‍ പേറി
പിന്നെ നീയെനിക്കു പെങ്ങളായി
തുമ്പിയെപ്പിടിക്കുവാനും മുങ്ങാം കുഴിയിടാനും
നീയെന്നെ പഠിപ്പിച്ചു, ഞാന്‍ നിന്നെയും
പിന്നെയന്നു നീയെന്‍റെ ബാല്യകാലസഖിയായി
കൊത്താം കല്ലും കുഞ്ഞിച്ചോറും
കളിച്ചു നാം വളര്‍ന്നു
പിന്നീട് നീയെന്‍റെ കാമുകിയായി
നിലാവും പുഴയും തമ്മില്‍ പ്രണയമാണെന്നു
മ്രുദുവായ് മൊഴിഞ്ഞു
പിന്നീടെപ്പൊഴോ നീയെന്‍റെ വധുവായി
കിനാവും കണ്ണീരും പകുത്തെടുത്തു
ഒടുവില്‍ നീയെന്‍റെ മകളായി
കിന്നരിപ്പല്ലുകള്‍ കാട്ടിച്ചിരിച്ചു
ചിണുങ്ങിക്കരഞ്ഞു
എന്നിട്ടും ,
ഈ കറുത്ത പകലില്‍
ഞെരിഞ്ഞമരുന്ന നിലവിളിയെ സാക്ഷിയാക്കി
ഞാന്‍ നിന്നെ മാനഭംഗപ്പെടുത്തുന്നു
എന്തെന്നാല്‍
പൂര്‍ത്തിയാകാത്ത ഒരു പരിണാമത്തിന്‍റെ
ബാക്കിയായ് എന്‍റെ
നട്ടെല്ലിനറ്റമിപ്പൊഴും കൂര്‍ത്തിരിക്കുന്നു