Wednesday, April 28, 2010

മിന്നാമിനുങ്ങ്‌

ഇപ്പോള്‍ നിങ്ങള്‍ക്കുമെന്നെ പരിഹസിക്കാം
ഉച്ചസൂര്യന്റെ വെളിച്ചക്കടലില്‍
പൌര്‍ണ്ണമിച്ചന്ദ്രികയുടെ സ്വര്‍ണപ്രഭയില്‍
നിയോണ്‍ ബുള്‍ബുകളുടെ പ്രകാശപൂരത്തില്‍
നീരാടി നിറഞ്ഞുനില്‍ക്കുമ്പോള്‍
പിന്നിലൊരിത്തിരിവെട്ടം പേറിപ്പറക്കുന്ന
എന്നെ നിങ്ങള്‍ക്കു പുച്ഛിക്കാം
പക്ഷേ,
പുലരികളില്‍ എന്നും ഗ്രഹണമായിരുന്ന
നട്ടുച്ചക്കും കൂരിരുട്ടായിരുന്ന
പൂര്‍ണചന്ദ്രനെ മേഘം മറച്ചിരുന്ന
ക്ര്^ത്രിമ മായാവെളിച്ചങ്ങളില്ലാതിരുന്ന
ഒരു ഭൂതകാലതിന്റെ കറുത്ത ഓര്‍മ്മകളില്‍
മുന്നില്‍ എനിക്കുവേണ്ടിയല്ലാതെ
പിന്നിലായ്‌ വരുന്നവര്‍ക്കു വഴികാട്ടാന്‍
ഈ വെളിച്ചത്തിന്റെ താപവും പേറി
അന്നാ കറുപ്പിനെ കീറിമുറിച്ചുകൊണ്ടു
ഇവിടെ ഞാനുണ്ടായിരുന്നു,ഞങ്ങളുണ്ടായിരിന്നു.

അണയാത്ത ത്ര്^ഷ്ണതന്‍ കുഴലുകൊണ്ടു
നിങ്ങളീ പ്രകാശസാഗരം ഊറ്റിക്കുടിച്ച്‌
ഒടുവില്‍ വരാനിരിക്കുന്ന
ഇരുളിന്‍ പ്രപഞ്ചത്തില്‍ അന്ധരായ്‌
നിങ്ങളുഴറുമ്പോള്‍ അന്നു
വീണ്ടും ഒരിത്തിരി വെട്ടത്തിന്റെ
കണികയും പേറി നിങ്ങള്‍ക്കു വഴികട്ടാന്‍
അവിടെ ഞാനുണ്ടായിരിക്കും
ഈ മരച്ചില്ലകളില്‍ ഇലകളില്‍
ഈ ജാലകപ്പാളിയില്‍ നിശബ്ദമായ്‌
ഞനുണ്ടായിരിക്കും, ഞങ്ങളുണ്ടായിരിക്കും.
അതുവരെ നിങ്ങള്‍ക്കു പരിഹസിക്കാം.

Friday, February 12, 2010

രാത്രിമഴകാത്ത്


അരുതേയരുതേയെന്നൊരുപാടുകാലമായ്
ഇവിടെയൊരു കവിയത്രി കേണിടുന്നു
മാനിഷാദ എന്നു പറയുന്നതാരോട്
ബധിരകര്‍ണ്ണങ്ങള്‍ തന്‍ അധിപരോടോ
അതോ അന്ന്യന്‍റെ രോദനം കേള്‍ക്കാതിരിക്കുവാന്‍
കാതില്‍ പാട്ടുകുഴല്‍ വെച്ച കൂട്ടരോടോ

കാടിനെ വെട്ടുന്നു നാടാക്കിമാറ്റുന്നു
നാടിനെ കോണ്‍ക്രീറ്റ് കാടാക്കിടുന്നു
പിന്നവര്‍ നാടിന്നു മോടിയതേകുവാന്‍
കാടിന്‍റെ കരള്‍കൊത്തി ശില്‍പ്പങ്ങള്‍ തീര്‍ക്കുന്നു

പുള്ളിപ്പുലിയുടെ മുരള്‍ച്ചയില്ല
സിംഹരാജന്‍റെ അലര്‍ച്ചയില്ല
എങ്ങും കാടറുത്തില്ലാതെയാക്കുന്ന
കൂറ്റന്‍യന്ത്രങ്ങള്‍ തന്‍ മൂളല്‍മാത്രം
പേടിച്ച പേടമാന്‍ മിഴികളില്ല
കുഞ്ഞു മുയലിന്‍ പാദപതനമില്ല
ചുറ്റും കാടിനെയൊന്നായ് മുതുകേറ്റിപ്പായുന്ന
ചക്രങ്ങള്‍ കരയും ഇരമ്പല്‍ മാത്രം
കാട്ടു കുയിലിന്‍റെ പാട്ടുമില്ല
പീലിവിടര്‍ത്തി മയിലിന്‍റെ ആട്ടമില്ല
കല്ലറക്കണക്കെ നിരന്നൊരീ
മരക്കുറ്റികള്‍ തന്‍ തേങ്ങല്‍മാത്രം
മഴയില്ല പുഴയില്ല തോടില്ല
കളകളം പാടാന്‍ കാട്ടാറുമില്ല.
കാടിന്‍റെ കണ്ണൂനീര്‍ വറ്റുമ്പോഴറിയണം
ഇതു കാടിന്‍റെ മാത്രം കരച്ചിലല്ല
വരും നൂറ്റാണ്ടു പിന്നിട്ട നമ്മള്‍ തന്‍തലമുറ
ഒരുതുള്ളിവെള്ളമെന്നലറിക്കരയുന്ന
ശാപം നുരക്കുന്ന ശബ്ദമല്ലെ

ഇങ്ങനെയോരോന്നിവിടൊരുപാടു കാലമായ്
പാവമീ കവയത്രി കേണീടുന്നു
ആരുണ്ടു കേള്‍ക്കുവാന്‍ നിന്‍റെ വനരോദനം
എല്ലാം താഴെപ്പറക്കും പരുന്തുമാത്രം
എല്ലാം പാടിപ്പറഞ്ഞു തീര്‍ന്നു നാം
ചെയ്യുവാന്‍ ബാക്കിയിനിയൊന്നു മാത്രം
സ്വന്തം നെറുകയില്‍ കൈവെച്ചു മര്‍ത്ത്യനീ
സുന്ദര ഭൂമിയെ ഭസ്മമാക്കും
കാലം വരുമെന്നു പേടിച്ചുപേടിച്ചു
കണ്ണുകളിറുക്കിയടച്ചിരിക്കാം
മറ്റു മാറ്റൊലിക്കവികള്‍ക്കൊപ്പം
ഭൂമിക്കു ചരമഗീതം പാടി കാത്തിരിക്കാം

പിന്നെ കോടാനുകോടി കാലത്തിനപ്പുറം
പ്രപഞ്ചത്തില്‍ വീണ്ടും
മഹാവിസ്ഫോടനം നടക്കുമെങ്കില്‍
അല്ലെങ്കിലേഴുദിനംകൊണ്ടീശ്വരന്‍
എല്ലാംവീണ്ടും സ്റ്ഷ്ടിച്ചു നല്‍കുമെങ്കില്‍
അന്നു മഴയും മരവും
പുള്ളിമാനും കിളികളും
കാടും കാട്ടാറുമുണ്ടാകുമെങ്കില്‍
എല്ലാം കണ്ടൊന്നു കണ്ണു കുളിര്‍ക്കുവാന്‍
വീണ്ടും കാവ്യം രചിക്കുവാനായ്
നമ്മള്‍ നമ്മളായ്ത്തന്നെ പുനര്‍ജ്ജനിക്കാന്‍
ഇന്നു പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു കാത്തിരിക്കാം
ഒരുപക്ഷെ ഇനി അന്നുമാത്രം പെയ്തേക്കാവുന്ന
രത്രി മഴക്കു കാത്തു കാത്ത്
കാതോര്‍ത്തു കാതോര്‍ത്ത്

Thursday, January 14, 2010

ഹോമോസാപ്പിയന്‍സ്

ആദ്യം നീയെനിക്കമ്മയായിരുന്നു
പത്തുമാസം ചുമന്നു നീയെന്നെ നൊന്തുപെറ്റു
സ്വപ്നങ്ങളില്‍ കണ്ണീര്‍കുഴച്ച് നീയെന്നെ ഊട്ടി
എന്നെക്കുറിച്ചെന്നും നെഞ്ചില്‍ തീക്കനല്‍ പേറി
പിന്നെ നീയെനിക്കു പെങ്ങളായി
തുമ്പിയെപ്പിടിക്കുവാനും മുങ്ങാം കുഴിയിടാനും
നീയെന്നെ പഠിപ്പിച്ചു, ഞാന്‍ നിന്നെയും
പിന്നെയന്നു നീയെന്‍റെ ബാല്യകാലസഖിയായി
കൊത്താം കല്ലും കുഞ്ഞിച്ചോറും
കളിച്ചു നാം വളര്‍ന്നു
പിന്നീട് നീയെന്‍റെ കാമുകിയായി
നിലാവും പുഴയും തമ്മില്‍ പ്രണയമാണെന്നു
മ്രുദുവായ് മൊഴിഞ്ഞു
പിന്നീടെപ്പൊഴോ നീയെന്‍റെ വധുവായി
കിനാവും കണ്ണീരും പകുത്തെടുത്തു
ഒടുവില്‍ നീയെന്‍റെ മകളായി
കിന്നരിപ്പല്ലുകള്‍ കാട്ടിച്ചിരിച്ചു
ചിണുങ്ങിക്കരഞ്ഞു
എന്നിട്ടും ,
ഈ കറുത്ത പകലില്‍
ഞെരിഞ്ഞമരുന്ന നിലവിളിയെ സാക്ഷിയാക്കി
ഞാന്‍ നിന്നെ മാനഭംഗപ്പെടുത്തുന്നു
എന്തെന്നാല്‍
പൂര്‍ത്തിയാകാത്ത ഒരു പരിണാമത്തിന്‍റെ
ബാക്കിയായ് എന്‍റെ
നട്ടെല്ലിനറ്റമിപ്പൊഴും കൂര്‍ത്തിരിക്കുന്നു