Wednesday, April 28, 2010

മിന്നാമിനുങ്ങ്‌

ഇപ്പോള്‍ നിങ്ങള്‍ക്കുമെന്നെ പരിഹസിക്കാം
ഉച്ചസൂര്യന്റെ വെളിച്ചക്കടലില്‍
പൌര്‍ണ്ണമിച്ചന്ദ്രികയുടെ സ്വര്‍ണപ്രഭയില്‍
നിയോണ്‍ ബുള്‍ബുകളുടെ പ്രകാശപൂരത്തില്‍
നീരാടി നിറഞ്ഞുനില്‍ക്കുമ്പോള്‍
പിന്നിലൊരിത്തിരിവെട്ടം പേറിപ്പറക്കുന്ന
എന്നെ നിങ്ങള്‍ക്കു പുച്ഛിക്കാം
പക്ഷേ,
പുലരികളില്‍ എന്നും ഗ്രഹണമായിരുന്ന
നട്ടുച്ചക്കും കൂരിരുട്ടായിരുന്ന
പൂര്‍ണചന്ദ്രനെ മേഘം മറച്ചിരുന്ന
ക്ര്^ത്രിമ മായാവെളിച്ചങ്ങളില്ലാതിരുന്ന
ഒരു ഭൂതകാലതിന്റെ കറുത്ത ഓര്‍മ്മകളില്‍
മുന്നില്‍ എനിക്കുവേണ്ടിയല്ലാതെ
പിന്നിലായ്‌ വരുന്നവര്‍ക്കു വഴികാട്ടാന്‍
ഈ വെളിച്ചത്തിന്റെ താപവും പേറി
അന്നാ കറുപ്പിനെ കീറിമുറിച്ചുകൊണ്ടു
ഇവിടെ ഞാനുണ്ടായിരുന്നു,ഞങ്ങളുണ്ടായിരിന്നു.

അണയാത്ത ത്ര്^ഷ്ണതന്‍ കുഴലുകൊണ്ടു
നിങ്ങളീ പ്രകാശസാഗരം ഊറ്റിക്കുടിച്ച്‌
ഒടുവില്‍ വരാനിരിക്കുന്ന
ഇരുളിന്‍ പ്രപഞ്ചത്തില്‍ അന്ധരായ്‌
നിങ്ങളുഴറുമ്പോള്‍ അന്നു
വീണ്ടും ഒരിത്തിരി വെട്ടത്തിന്റെ
കണികയും പേറി നിങ്ങള്‍ക്കു വഴികട്ടാന്‍
അവിടെ ഞാനുണ്ടായിരിക്കും
ഈ മരച്ചില്ലകളില്‍ ഇലകളില്‍
ഈ ജാലകപ്പാളിയില്‍ നിശബ്ദമായ്‌
ഞനുണ്ടായിരിക്കും, ഞങ്ങളുണ്ടായിരിക്കും.
അതുവരെ നിങ്ങള്‍ക്കു പരിഹസിക്കാം.