Monday, December 21, 2009

ഡിസംബര്‍ 25

അന്നായിരുന്നു അവന്‍റെ ജനനം


 അകലെ മാമലകള്‍ക്കിടയില്‍‍ അജഗണങ്ങളുടെ ആഹ്ളാദ  ആരവങ്ങള്‍ക്കിടയില്‍   


നക്ഷത്രങ്ങളെ സാക്ഷിയാക്കി അവന്‍ പിറന്നു


രാജാക്കന്മാര്‍ അവനെ തിരഞ്ഞു വന്നു


ആട്ടിടയന്മാര്‍ക്കൊപ്പം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കൊപ്പം


അവന്‍ അനീതികള്‍ കണ്ടു വളര്‍ന്നു


നിത്യമായ മോചനം ദൈവത്തിന്‍റെ


അനുഗ്രഹമാണെന്നവന്‍പറഞ്ഞു


സത്യമായ സ്നേഹം നിന്‍റെ അയല്‍ക്കാരനോടുള്ളതാണെന്നും


ജലത്തിനു മുകളില്‍ നടന്നവന്‍ വലയില്‍ മീന്‍ നിറച്ചും


അവന്‍ ദൈവത്തിന്‍റെ സാക്ഷ്യമായി


അഞ്ചപ്പം കൊണ്ടയ്യായിരം പേരെ ഊട്ടി


പച്ചവെള്ളം വീഞ്ഞാക്കി, സമ്പന്നരെ അമ്പരപ്പിച്ചു


പാപം ചെയ്തവര്‍ കല്ലെറിയട്ടെ എന്നു പറഞ്ഞു പാപികളെ ലജ്ജിപ്പിച്ചു


വേശ്യയുടെ കണ്ണീരാല്‍ പാദം കഴുകി


കൊള്ളപ്പലിശക്കാരെയും കരിഞ്ചന്തക്കാരെയും ചമ്മട്ടികൊണ്ടടിച്ചു പുറത്താക്കി


രാജാക്കന്മാരുടെ രാജാവാണ് ചക്രവര്‍ത്തിയെങ്കില്‍


ചക്രവര്‍ത്തിമാരുടെ ചക്രവര്‍ത്തിയാണ്‌ ദൈവമെന്നവന്‍ പറഞ്ഞു


അവന്‍ ദൈവപുത്രനെന്നാളുകള്‍ പറഞ്ഞു.






സഹികെട്ടവര്‍ അവനെ കുരിശില്‍ തറച്ചു ;


രണ്ടു കള്ളന്മാര്‍ക്കു നടുവില്‍


ശേഷം ഗുഹയില്‍ അടക്കി


മൂന്നാം ദിവസം അവന്‍ ഉയിര്‍ത്തെഴുന്നേറ്റു


മാഞ്ഞു പോയെന്നവര്‍ പറഞ്ഞു


ശേഷം  അവന്‍റെ വാക്കുകള്‍ക്കവര്‍‍ കനത്ത പുറംചട്ട തീര്‍ത്തു


സ്വര്‍ണ്ണലിപികളീലെഴുതി തിളക്കി വച്ചു


പിന്നെയവനെപ്രതിമയാക്കി മണിമാളികയില്‍ പ്രതിഷ്ഠിച്ചു


അതിനു മുകളിലെ വലിയ മണി അവന്‍റെ വഴി നടന്നവരെ


അനുസരണയുള്ള കുഞ്ഞാടുകളാക്കി തീര്‍ത്തു


കൂട്ടം തെട്ടുന്നവര്‍ക്ക് മുകളില്‍ ദൈവകോപത്തിന്‍റെ ഖഡ്ഗമെപ്പോഴും തൂങ്ങിക്കിടക്കുന്നു


ഉയരുന്ന ശബ്ദങ്ങള്‍ക്കു മീതേ കുരിശിന്‍റെ ഭാരം കയറ്റി വച്ചു


അവന്‍റെ ഇടയന്മാര്‍ക്ക് വില്പനശാലകളുണ്ടായി


കരിഞ്ചന്തക്കാര്‍ അവന്‍റെ സുവിശേഷകരായി


ക്രൂശിതനായി തലതാഴ്ത്തിക്കിടക്കുന്ന അവന്‍റെ ചിത്രങ്ങള്‍


ഭിത്തികള്‍ക്കലങ്കാരമായി, മുന്നറിയിപ്പായി.


ഞങ്ങള്‍ക്കറിയാം, നീ കുരിശിലും തലകുനിക്കുന്നവനല്ലെന്ന്,


ഞങ്ങള്‍ക്കറിയാം നീ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവനാണെന്ന്


മാഞ്ഞു പോകുന്നവനല്ലെന്നും


എന്നിട്ടുമവരത് ഞങ്ങളെ പാടിപ്പഠിപ്പിച്ചു.


സമ്മാനഭാണ്ഡത്തിനെ ഭാരവും പേറി പാപ്പ വരാത്ത,


കരോലുയരാത്ത്ത നക്ഷത്രങ്ങള്‍തിളങ്ങാത്ത


കേക്കുകള്‍ മുറിയാത്ത അപ്പവുംവീഞ്ഞുമില്ലാത്ത്ത എല്ലാ ക്രിസ്മസ് രാവുകളിലും


ഭിത്തികള്‍ തകര്‍ത്തു നിന്‍റെ തിരിച്ചുവരവിനായ് ഞങ്ങള്‍ കാത്തിരിക്കുന്നു


ഈ മലനിരകള്‍ക്കിടയില്‍ ആട്ടിന്പട്ടത്ത്തിന്റെ നിശബ്ദതക്കിടയില്‍  


ആട്ടിടയന്മാര്‍ക്കൊപ്പം


ആകാശത്തേക്ക് കണ്ണും നട്ട്ഒളിച്ചിരിക്കുന്നു


ഉയിര്‍ത്തെഴുന്നേല്പും കാത്ത്


വീണ്ടുമാ നക്ഷത്രമുദിക്കുന്നതും കാത്ത്.

Friday, December 18, 2009

'ചെ' ന്നിലാവ്


നിങ്ങള്‍ക്ക് ഞങ്ങളെ തടവിലാക്കാം

നിങ്ങള്‍ക്ക് ഞങ്ങളെ കഴുവിലേറ്റാം

ഞങ്ങളുടെ അക്ഷരം ചുട്ടെരിക്കാം

ഞങ്ങളുടെ വാക്കിനെ ഞെരിച്ചമരത്താം

പക്ഷേ

തുറുങ്കു ചുമരിന്നുമപ്പുറത്തെങ്ങാന്‍

തൂക്കുമരത്തിന്നു കീഴെയെങ്ങാന്‍

‍ഒരു സങ്കടത്തിന്റെ തുണ്ട് വീണാല്‍

‍ചെറു രോദനത്തിന്‍റെ ചിന്തുണര്‍ന്നാല്‍

ഉടനെയായ് ഞങ്ങളുടെ ആരവമുയരും

പോരാടുവനായ് വീണ്ടും കരങ്ങള്‍ കൊരുക്കും

പിന്നെ

ഞങ്ങളുടെ കണ്ണില്‍ ഇരുള്‍ നിറഞ്ഞാലും‍

നിങ്ങളുടെ സൂര്യനെ അസ്തമിപ്പിക്കും

ഞങ്ങളുടെ ഇന്നിനെ ബലിനല്‍കിയെങ്കിലും

നാളെയുടെ പൂക്കള്‍ക്ക് പുതുപുലരി തീര്‍ക്കും

എന്നിട്ട്‌

പാരില്‍ മുഴുവന്‍ സമമായ്‌ പരക്കുന്ന

ചുവന്ന നിലാവുദിച്ചു വരാന്‍

തമസ്സിന്‍ വിഹായസ്സിലെന്നെങ്കിലും

ഒരമ്പിളിതുണ്ടിനെ കാണുംവരെ

പൌര്‍ണമി കാണാതെ ചാകേണ്ടി വന്നാലും

അമാവാസിയായിരം കാത്തിരിക്കും

സിരകളില്‍ വീര്യം നിറചിരിക്കും

കണ്‍കളില്‍ താരം നിറഞ്ഞിരിക്കും