Friday, November 2, 2012

ജീവിതപ്പാത



യാത്ര തുടങ്ങിയത്‌ കൊടുംകാട്ടില്‍ നിന്നായിരുന്നു
കല്ലും മുള്ളും നിറഞ്ഞ ദീര്‍ഘവും ദുര്‍ഘടവുമായ പാത
ഇടക്കിടെ അവന്‍ പ്രത്യക്ഷപ്പടുമായിരുന്നു , ശത്രു.
പേമാരിയായും കാട്ടുതീയായും കാട്ടുമൃഗമായും
അവന്‍ പതിയിരുന്ന പാതയോരങ്ങള്‍ താണ്ടവേ
അതിജീവനം അതല്ലാതെ മാര്‍ഗ്ഗമില്ലായിരുന്നു
കല്ലും മുള്ളും കമ്പും തീയും വെള്ളവും ആയുധങ്ങളായി
സന്ധിയില്ലാത്ത പോരാട്ടം അവനെ തുരത്തിയോടിച്ചു.

പാതക്കിരുവശവും കൊടും കാട് വെട്ടിത്തെളിച്ചു
വേര്‍തിരിച്ചു വിത്തെറിഞ്ഞ്‌ നൂറുമേനി വിളയിച്ചപ്പോള്‍
അവന്‍ വീണ്ടുമെത്തി ഭൂമിയുടെ അവകാശിയായ്‌
വിയര്‍പ്പിന്‍റെ വിലപറയാന്‍ ജന്മിയായ്‌
കതിരവനും പതിരുമാത്രം ബാക്കിയായപ്പോള്‍
വീണ്ടും മണ്ണിനുവേണ്ടി പോരാട്ട ദിനങ്ങള്‍
ഹൃദയരക്തം വീണു നനഞ്ഞ തുണിക്കഷ്ണങ്ങളില്‍
പ്രതീക്ഷയുടെ ചുവന്ന നക്ഷത്രങ്ങള്‍ ഉദിച്ചപ്പോള്‍
അത് കെട്ടിയുയര്‍ത്തിയ വാരിക്കുന്തങ്ങള്‍ കൊടികളായപ്പോള്‍
കൊയ്ത്തരിവാളുകള്‍ ചോര വീണുചുകന്നപ്പോള്‍
അവന്‍റെ തിരോധാനം, തിരിച്ചുവരവിനായിരുന്നിരിക്കണം.

പിന്നീട് വലിയ ഇരുമ്പുമറകള്‍ക്കുള്ളില്‍
കൂറ്റന്‍ യന്ത്രങ്ങളലറാന്‍ തുടങ്ങിയകാലത്ത്
കണ്ണീരും ചോരയും ഉപ്പും വിയര്‍പ്പും
വീണുതിളങ്ങിയ ഉല്‍പ്പന്നങ്ങള്‍ വിപണികളെ ഉണര്‍ത്തിയപ്പോള്‍
അവന്‍ വീണ്ടുമെത്തി , ലാഭത്തിന്‍റെ അവകാശിയായ്.
തൊഴിലിടത്തിന്‍റെ ഉടമയായ്, മുതലാളിയായ്‌.
തോക്കിന്‍കുഴലിനു മുന്നിലുയര്‍ത്തിയ ചെങ്കൊടികള്‍
തുളവീണുകീറിയിട്ടും പിന്തിരിയാത്തവരുടെ ആക്രോശം
അവന്‍റെ കോട്ടകൊത്തളങ്ങളെ തകര്‍ത്തുകളഞ്ഞു
സമ്പൂര്‍ണപരാജയം, അവന്‍ ഒളിച്ചിരുന്നിരിക്കാം .

ഇപ്പോള്‍ ഇവിടെയീ പാത അവസാനിക്കുന്നു
മുന്നില്‍ മഹാസാഗരം, അനന്തത അപാരത.
എവിടെയോ അവന്‍റെ ചിരികേള്‍ക്കുന്നുണ്ട്
മണ്ണും വിണ്ണും അവന്‍റെയെന്നലറുന്നുണ്ട്
കടലിനടിയിലാവാം, മേഘങ്ങള്‍ക്കിടയിലാവാം
ഭൂമിക്കടിയിലാവാം ,ശത്രു അദൃശ്യനാണ്.
എങ്കിലും പോരാട്ടം തുടങ്ങാതെ വയ്യ, അതല്ലാതെ മാര്‍ഗ്ഗമില്ല.
 മാറാപ്പിലെന്നോ മറന്നുവെച്ച ചെങ്കൊടി മുഷിഞ്ഞിരിക്കുന്നു
പൊടിപിടിച്ച മങ്ങിയ നക്ഷത്രങ്ങള്‍ നിറംകെട്ടിരിക്കുന്നു.
കഴുകിയുണക്കിയുയര്‍ത്തേണ്ട കാലമായിരിക്കുന്നു.
മുഷ്ടിചുരുട്ടിത്തുടങ്ങാം തൊണ്ടപൊട്ടിയലറിത്തുടങ്ങാം.
മനുഷ്യന്‍ ജീവിക്കട്ടെ, സമത്വം പുലരട്ടെ, വിപ്ലവം ജയിക്കട്ടെ.

Friday, June 8, 2012

വസന്തത്തിന്‍റെ ഇടിമുഴക്കങ്ങള്‍


പകലിനെയെരിക്കുന്ന സൂര്യനുമന്തിയില്‍
ചക്രവാളത്തിന്‍ ചുകപ്പായിടും
കറുത്തവാവു വിഴുങ്ങിയോരമ്പിളിയും
പൊന്നരിവാള് പോലെ ഉദിച്ചുയരുന്ന നാള്‍ വരും
മണല്‍ക്കുഴികളായോരീ ആഴങ്ങളിലൊക്കെയും 
പുഴ കുലംകുത്തിയൊഴുകി പുളകങ്ങളായിടും 
ചാരം നിറഞ്ഞോരീ മാമലകളൊക്കെയും
പച്ച പുതച്ചിട്ടു  നീര്‍ച്ചാലൊഴുക്കിടും
വെട്ടിപ്പരത്തിയ മരക്കുറ്റികള്‍ക്ക് ചുറ്റിലും
കുഞ്ഞിത്തൈകള്‍ മുളച്ചിട്ടു കാടായ്‌ വളര്‍ന്നിടും
കുഴലുവറ്റിച്ചോരീ കിണറുകളിലോക്കെയും
നീരുരവ പൊട്ടി പ്രളയം പിറന്നിടും
മഴവില്ലുമാഞ്ഞോരാ വാനത്തിലൊക്കെയും
മഴമേഘം നിറഞ്ഞിട്ടാലിപ്പഴം പൊഴിച്ചിടും 
കനിവുവറ്റിപ്പോയ കരളുകളിലൊക്കെയും
സ്നേഹം നിറഞ്ഞിട്ടുപൂക്കളം തീര്‍ത്തിടും
കരിഞ്ഞു കരഞ്ഞോരീ വിളനിലങ്ങളിലൊക്കെയും
കതിരുവിളഞ്ഞിട്ടു കണ്ണീര്‍ തുടച്ചിടും
അന്ന്,
വാടിക്കരിഞ്ഞ വസന്തങ്ങളൊക്കെയും വീണ്ടും
ഇടിമുഴക്കത്തോടെ പൂത്തുതളിര്‍ത്തിടും.. 

Friday, May 18, 2012

മാറ്റുവിന്‍



പൊരുതുവാന്‍ മെയ്യില്‍ കരങ്ങളുണ്ട്
ചോരയില്‍ പോരട്ടവീര്യമുണ്ട്
കരളില്‍ എരിയുന്ന പന്തമുണ്ട്
കണ്ണില്‍ കൊളുത്തുവാന്‍ അഗ്നിയുണ്ട്
എയ്യുവാന്‍ നാവില്‍ ശരങ്ങളുണ്ട്
വാക്കിന്നു വാള്‍ത്തലയുടെ മൂര്‍ച്ചയുണ്ട്
മുന്നിലീ അഴലിന്‍ ആഴിയുണ്ട്
നിസ്വരുടെ ദൈന്യമാം രോദനങ്ങള്‍
എന്നിട്ടുമെന്തേ മനുഷ്യനത്രേ നീ
പ്രതിമയെപ്പോലെ  പകച്ചുനില്‍പ്പൂ
കഴുതയെപ്പോലെ കരഞ്ഞിരിപ്പൂ
ഇനിയെന്നു വാള്‍ത്തലകള്‍ രാകിവെക്കും
ഇനിയെന്നു കുന്തങ്ങള്‍ മൂര്‍ച്ചകൂട്ടും
ഇനിയെന്നു കലാപം ഇനിയെന്നു യുദ്ധങ്ങള്‍
ഇനിയെന്നു മാറ്റത്തിന്‍ കാഹളങ്ങള്‍