Monday, November 21, 2011

ബലികുടീരങ്ങള്‍


വേനല്‍സൂര്യന്റെ  കോപതാപത്തിനു കീഴെയും
ചുവന്നുകിടക്കുന്ന ഈ മണല്‍ത്തരികള്‍ക്ക്‌
ഒരു കഥ പറയാനുണ്ട്, തലമുറകളോട്
ഈ നിറഞ്ഞ പൂന്തോട്ടത്തിലെ
ചുവന്ന റോസാപ്പൂക്കളുടെയും 
വെളുത്ത പൂമ്പാറ്റകളുടെയും കഥ
കഥയില്‍ നേര്നിറയുമ്പോള്‍ അതിനെ ചരിത്രംഎന്ന് പറയുന്നു
 ചരിത്രം പോരാളികളുടെതാകുമ്പോള്‍ പോരാട്ടമെന്നും
പോരാട്ടം നീതിക്കു വേണ്ടിയാകുമ്പോള്‍ വിപ്ളവമാകുന്നു
വിപ്ളവത്തിലെ   പടനായകരാകുന്നു രക്തസാക്ഷികള്‍
അവരുടെ സ്വപ്നങ്ങളായിരുന്നു വര്‍ണ്ണച്ചിറകുള്ള ശലഭങ്ങള്‍
പ്രണയം വെളുത്തറോസാപ്പൂക്കളും
അടിച്ചമര്‍ത്തപ്പെട്ടവരുടെ കൊടുങ്കാട്ടില്‍ 
അസമത്വത്തിന്‍റെ കൂരിരുട്ടില്‍കയ്യിലെരിയുന്ന പന്തവുമായി
അതിജീവനത്തിന്‍റെവെളിച്ചം പകര്‍ന്നവര്‍ , വഴി തെളിച്ചവര്‍
യൌവനസ്വപ്നങ്ങള്‍ക്കിടയില്‍ അപരന്‍റെ
ആര്‍ത്തനാദം കേട്ടുണര്‍ന്നവര്‍
തന്‍റെ ദാഹത്തെക്കാള്‍ തീവ്രമാണ്
അവന്‍റെവിശപ്പെന്നു തിരിച്ചറിഞ്ഞവര്‍
വ്യാഘ്രങ്ങള്‍ക്കും വിഗ്രഹങ്ങള്‍ക്കുമെതിരെ പടനയിച്ചും
കുറുനരികളെ കുന്തമുനയില്‍കോര്‍ത്തും
വിളനിലമൊരുക്കിയവര്‍ , വിപ്ളവകാരികള്‍
ഒരുമിച്ചു വിത്തെറിഞ്ഞു ഒരുമിച്ചുവിളവെടുത്ത്‌
ഒരുമിച്ചുണ്ണാന്‍ പഠിപ്പിച്ചവര്‍
വസന്തത്തിന്‍റെ ഇടി മുഴങ്ങുംമുന്‍പേ
വെടികൊണ്ടു വീണവര്‍ , രക്തസാക്ഷികള്‍
അവരുടെ നെഞ്ചില്‍നിന്നും തെറിച്ച നിണംവീണു
ചുകന്നതാണീ റോസാദളങ്ങള്‍
അവരുടെ കുഴി മാടങ്ങളില്‍ നിന്നു പറന്നുയര്‍ന്നതാണീ
വര്‍ണ്ണരഹിതശലഭങ്ങളും
വര്‍ഗ്ഗരഹിത ലോകം സ്വപ്നം കാണുന്നവര്‍ക്കായ്‌
ഓര്‍മ്മക്കായ്, ഊര്‍ജ്ജമായ്‌.