Friday, June 8, 2012

വസന്തത്തിന്‍റെ ഇടിമുഴക്കങ്ങള്‍


പകലിനെയെരിക്കുന്ന സൂര്യനുമന്തിയില്‍
ചക്രവാളത്തിന്‍ ചുകപ്പായിടും
കറുത്തവാവു വിഴുങ്ങിയോരമ്പിളിയും
പൊന്നരിവാള് പോലെ ഉദിച്ചുയരുന്ന നാള്‍ വരും
മണല്‍ക്കുഴികളായോരീ ആഴങ്ങളിലൊക്കെയും 
പുഴ കുലംകുത്തിയൊഴുകി പുളകങ്ങളായിടും 
ചാരം നിറഞ്ഞോരീ മാമലകളൊക്കെയും
പച്ച പുതച്ചിട്ടു  നീര്‍ച്ചാലൊഴുക്കിടും
വെട്ടിപ്പരത്തിയ മരക്കുറ്റികള്‍ക്ക് ചുറ്റിലും
കുഞ്ഞിത്തൈകള്‍ മുളച്ചിട്ടു കാടായ്‌ വളര്‍ന്നിടും
കുഴലുവറ്റിച്ചോരീ കിണറുകളിലോക്കെയും
നീരുരവ പൊട്ടി പ്രളയം പിറന്നിടും
മഴവില്ലുമാഞ്ഞോരാ വാനത്തിലൊക്കെയും
മഴമേഘം നിറഞ്ഞിട്ടാലിപ്പഴം പൊഴിച്ചിടും 
കനിവുവറ്റിപ്പോയ കരളുകളിലൊക്കെയും
സ്നേഹം നിറഞ്ഞിട്ടുപൂക്കളം തീര്‍ത്തിടും
കരിഞ്ഞു കരഞ്ഞോരീ വിളനിലങ്ങളിലൊക്കെയും
കതിരുവിളഞ്ഞിട്ടു കണ്ണീര്‍ തുടച്ചിടും
അന്ന്,
വാടിക്കരിഞ്ഞ വസന്തങ്ങളൊക്കെയും വീണ്ടും
ഇടിമുഴക്കത്തോടെ പൂത്തുതളിര്‍ത്തിടും..